Wednesday 20 July 2011

എന്റെ ഡക്കറേഷൻ സ്വപ്നങ്ങൾ

                    എന്റെ ആദ്യ പോസ്റ്റിനു ഞാ‍ൻ തെരഞ്ഞെടുത്ത വിഷയം  ഒരു മംഗളകർമ്മമാകട്ടെ  എന്നു വിചാരിക്കയാണ്

                 
                        കാര്യം എന്റെ കൂട്ടുകാരൻ ഷിബു ഒരു പോലീസുകാരനൊക്കെയാണെങ്കിലും അവന്  ആ അഹങ്കാരമൊന്നുമില്ല.. പ്രതികളെ പിടിച്ച് ചാമ്പുക..അതിനു ശേഷ അവന്മാരുടെ കയ്യിൽ  നിന്നു തന്നെ കാശും വാങ്ങി കേസെടുക്കാതെ  വിടുക .., സംശയിച്ചു പിടിക്കുന്നവനെ തെണ്ടി.., റാസ്കൽ..എന്നീ ഓമനപേരുകൾ  വിളിച്ചതിനു ശേഷം മുട്ടുകാൽ കയറ്റുക .., ഈ വിധമുള്ള സ്വഭാവ ദൂഷ്യങ്ങൾ ഒന്നും തന്നെ ഇല്ല..( ഇങ്ങിനെയൊക്കെ എഴുതാമെന്ന് ഞാൻ വാക്കു കൊടുത്തിട്ടുള്ളതാണ്)


                     അങ്ങിനെ അവന്റെ പെങ്ങളുടെ കല്യാണമായി..കൂട്ടുകാരുടെ  വീട്ടിൽ ,കല്യാണം വന്നാൽ പിന്നെ ഒരു കാത്തിരിപ്പാണ്..തലേ ദിവസ രാത്രിയായിരിക്കും മനസ്സിൽ..പുളുവടിയും..,കുപ്പിയും..പാട്ടും കവിതയും..സഹികെട്ട് വീട്ടുകാരുടെ തെറിവിളിയും..അതോടു കൂടി സമാധാനമാകും...ഒരു തുള്ളി ഞാൻ കുടിച്ചില്ലെങ്കിലെന്താ കുടിപ്പിക്കാൻ എനിക്കു നന്നായറിയാം ( എന്നെ വിശ്വസിക്കണം പ്ലീസ്..,എന്നെ ഒരു പ്രാവശ്യം കണ്ടാൽ നിങ്ങൾക്കതു മനസ്സിലാകും)


                    
                     കല്യാണത്തിലേയ്ക്കു തിരിച്ചു വരാം-  ഷിബു എന്റെ അടുത്ത സുഹൃത്താണെങ്കിലും  പെങ്ങളെ ഞാൻ കണ്ടിട്ടില്ലായിരുന്നു .കല്യാണത്തിന്റെ തലേ ദിവസമാണു ഈ കക്ഷിയെ ഞാൻ കാണുന്നത്.കണ്ടപ്പോ എനിക്ക് ആത്മാർഥമായ സഹതാപം തോന്നി പക്ഷേ അത്..ആ പെങ്കൊച്ചിനെ കെട്ടാ‍ൻ പോകുന്ന ചെക്കനോടാണെന്നു മാത്രം...ഞാൻ മനസ്സു കുടഞ്ഞു ചിന്തിച്ചു..നാളെ ബ്യൂട്ടിഷനു പിടിപ്പതുപണിയുണ്ടാകും ഈ മുഖത്ത്പക്ഷേ ഇതൊക്കെ പുറത്തു പറയാൻ പറ്റുമോ?


                     
                        കാത്തിരുന്ന സമയമെത്തി..വീടിന്റെ ടെറസ്സിൽ  ഞങ്ങളെല്ലാം ഒത്തു കൂടി  അവിടെ കുപ്പി പൊട്ടിക്കലും ബഹളവും..പാട്ടും തകൃതിയായി നടന്നു ഉപ്പില്ല്ലാത്ത കഞ്ഞിയില്ല എന്നു പറഞ്ഞപോലെ  എന്റെ കവിതാ‍ലാപനമില്ലാത്ത ഒരു കല്യാണത്തലേന്നോ...സമ്മതിക്കില്ല ഞാൻ...ഞാൻ പാടി

“ ഇടവ മാസ പെരുമ്മഴപെയ്ത രാത്രിയിൽ
   കുളിരിന്നു കൂട്ടായി ഞാൻ നടന്നു
   ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ 
  തേങ്ങലെൻ കാതിൽ പതിഞ്ഞു“


   എന്റെ കവിതലാപനത്തിൽ മയങ്ങി ഒരോരുത്തൻമാർ കരഞ്ഞു ...കണ്ണിൽ ക്കൂടി ബ്രാണ്ടിയൊഴുകി തുടങ്ങി....അപ്പോൾ ദയനീയമായൊരു മോങ്ങൽ.., രമേശേട്ടനാണ്“ വിനൂ നിർത്തെടാ....ആ കവിത നമുക്കു വേണ്ട...എനിക്കു സഹിക്കാമേലനീയാ ചിലങ്കകിലുക്കി പാട്ടു പാട്..“കാവ്യ നർത്തകി പാടാനാണ് അപേക്ഷിച്ചിരിക്കുന്നത്  .ചങ്ങമ്പുഴ കേട്ടാൽ രണ്ടെണ്ണം വന്നു പൂശും. അങ്ങേർക്കും മിക്ക സമയവും ബോധമുണ്ടാകാറില്ലല്ലോ 

           കനങ്ക ചിലങ്ക കിലുങ്ങി കിലുങ്ങി...
           കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി .
  
                ഇതു പാടുന്നത് പഴയ മോഡലൊന്നുമല്ല നല്ല വെസ്റ്റേൺ ട്യൂണിലാണ്..അതു കേട്ടാൽ പാട്ടിനനുസരിച്ച് സിൽക് സ്മിത ഡാൻസ് കളിക്കുന്നപോലെയൊക്കെ തോന്നും (സംശയമുണ്ടെങ്കിൽ  ഒന്നു  പാടി  നോക്ക്  ചങ്ങമ്പുഴ ക്ഷമിക്കണേ)

                    കലാപരിപാടി കഴിഞ്ഞപ്പോൾ അടുത്ത പ്രശ്നം വന്നു കല്യാണകാർ അലങ്കരിക്കണം അതാരു ചെയ്യും?! എന്റെ കാറാണ് പറഞ്ഞിരിക്കുന്നത്.  എല്ലാവരും തെങ്ങിന്മേലും തുണിന്മേലുമൊക്കെ കെട്ടിപ്പിടിച്ച് നിൽക്കുവാണ്..വിട്ടാൽ തെങ്ങും തൂണുമൊക്കെ  മറിഞ്ഞു വീഴും എന്നു തോന്നും അതു കണ്ടാൽ...എന്നാലും ഷിബുവിനെ കുലുക്കി വിളിച്ച് ഞാൻ ചോദിച്ചു..“ടാ...ടാ ഷിബു....നാളെ കാറ്  ഡക്കറേറ്റ് ചെയ്യാൻ  ഏൽ‌പ്പിച്ചട്ടെണ്ടാ? “ ഒടിഞ്ഞ കഴുത്ത് ആയാസപ്പെട്ട് നേരെയാക്കി  നോക്കി ഷിബു പറഞ്ഞു.“.ഓ..ക്കെ അളിയാ..നാളെ ബാറില് ത്തന്നെ പോകാം..ഇന്നിപ്പ ക്ഷമീ...”..എന്നിട്ട് അവനെന്റെ താടിക്കൊന്നു തഴുകി..ഇനി അധികനേരം നിന്ന് സംശയം ചോദിച്ചാൽ ഞാനവന്റെ കാമുകിയാണെന്നൊക്കെ അവനുതോന്നാൻ ചാൻസുണ്ട്.. മിണ്ടാതിരിക്കുന്നതാണു ബുദ്ധി....ഞാൻ അവിടെ നിന്നും മുങ്ങി


                            കല്യാണ ദിവസം വെളുപ്പിനേ എഴുന്നേറ്റ് ഞാൻ കാറൊക്കെ കഴുകിത്തുടച്ച് ഡക്കറേറ്റ് ചെയ്യാൻ ആരംഭിച്ചു..അതു കണ്ട് എളിക്കു കയ്യും കൊടുത്ത് നിന്ന് അമ്മ ചോദിച്ചു 

                 “ഇതൊക്കെ കാശു കൊടുത്താൽ ചെയ്തു തരുന്ന ആൾക്കാരില്ലെ.. ശ്ശെടാ  “  അതു കേട്ട് ഞാൻ അമ്മയെ നോക്കി ഒരു ചിരി ചിരിച്ചു...  

              ‘എന്തറിയാം  എന്നെ പറ്റി ..അമ്മയാന്നും പറഞ്ഞ് നടക്കുവാഅമ്മയൊന്നുംഎന്റെഅമ്മയാകേണ്ടതേ.യല്ല..-‘ഇതൊ
ക്കെയായിരുന്നു ആ ചിരികൊണ്ട് ഞാൻ അർഥമാക്കിയത്..


                         പലകളർ    റോസാപ്പൂക്കളും ഓർക്കിഡും എവർ ഗ്രീൻ ഇലകളും ചേർത്ത് എന്റെ ഭാവനയ്ക്കനുസരിച്ച്  ഞാൻ കാർ ഡക്കറേറ്റ് ചെയ്യാൻ തുടങ്ങി..അടുത്തു കൂടിയ ചേട്ടന്റെ മോളെ  ഞാൻ വിരട്ടി..“തൊട്ടു പോകരുത്...അടുത്താലറിയാം“  പൂക്കളുടെ കാര്യത്തിൽ ഈ പെണ്ണൂങ്ങളെ അത്ര വിശ്വസിക്കരുത് കണ്ണു തെറ്റിയാൽ അടിച്ചു മാറ്റും...


                     ഏതാണ്ട്  2 മണിക്കൂറത്തെ എന്റെ പ്രയത്നത്തിലൂടെകല്യാണക്കാർമനോഹരമായിഅലങ്കരിക്കപ്പെ
ട്ടു..പുറകിലത്തെ ചില്ലിൽ  “ആൻഡ്രൂസ്  വെഡ്സ്  മാർഗരറ്റ്“  എന്ന് തെർമ്മോക്കോളിൽ വെട്ടി ഒട്ടിച്ചു ചേർത്ത് ഞാൻ സംതൃപ്തിയോടെ നോക്കി ‘ഹോ  ഇത് ഞാൻ തന്നെയോ ചെയ്തത്  എന്നെ സമ്മതിക്കണം‘ എന്നൊക്കെ എനിക്കു തൊന്നിപ്പോയി  വാതിലറ്റച്ചിട്ട്  ഞാ‍ൻ കണ്ണടിയിൽ പോയി നോക്കി യുദ്ധം ജയിച്ച രാക്ഷസനെ പോലെ  ഹ്ഹ്ഹഹ എന്നൊരു ചിരി ചിരിച്ചു..... ഇന്നവന്മാരുടേയൊക്കെ കണ്ണു തള്ളിക്കണം..ഞാൻ വേഗത്തിൽ കുളിച്ച് റെഡിയായി കാറെടുത്ത് കല്യാണവീട്ടിലേയ്ക്ക്  തിരിച്ചു.......

                          പള്ളിയിലേയ്ക്ക്  11 മണിക്ക് പോയാൽ മതി ഞാൻ ചെല്ലുമ്പോൾ 9.30 .  ആ‍ൾക്കാർ എത്തുന്നേയുള്ളു..  കാർ വീട്ടിലേയ്ക്കു കയറ്റാതെ മാറ്റിയിട്ടു . ഞാൻ ഇത്രയും നേരം ചെലവാക്കി ബുദ്ധിമുട്ടി അലങ്കരിച്ചത് ഇവരൊക്കെ അങ്ങിനെ  കൂളായി ഒറ്റനിമിഷം കൊണ്ട് കാണണ്ട എന്നൊരു അഹങ്കാരക്കുശുംബ്  എനിക്കുണ്ടായിരുന്നു.
  
                  “ഡാ വിനു  കാർ ഡക്കറേറ്റ് ചെയ്താ..?“

ഒഹ്  എന്തൊരന്വേഷണം..ഇന്നലെ കാറിന്റെ കാര്യം പറഞ്ഞപ്പോ ബാറിന്റെ കാര്യം പറഞ്ഞവനാണു.

             “ഓ..ചെയ്ത് ചെയ്ത്..  ഒരുങ്ങിയിങ്ങ് വന്നാ മാത്രം മതി “കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കണ്ട എന്നുകൂടി യുണ്ടായിരുന്നു ആ ഉത്തരത്തിൽ.
           
           അകത്ത് ബ്യൂട്ടിഷൻ  പെടാപ്പാട് പെടുവാണ്   അവളിന്നു തോറ്റു  തൊപ്പിയിടും..  പെട്ടെന്ന് എനിക്കൊരു വെളിപാട്-  ഇനി ഏതെങ്കിലും കുരുത്തം കെട്ട പിള്ളേർ  എന്റെ കാറിലെ ഡക്കറേഷനൊക്കെ കുളമാക്കുമോ..അയ്യോ   ഞാനോടി..... ഒഹ്   ആശ്വാസം ഇതു വരെ ഒന്നും പറ്റിയിട്ടില്ല എന്നലും  അവിടെ ഇടാൻ എനിക്കത്ര ഉറപ്പു പോര ..ഞാൻ ചുറ്റും നോക്കി കുറച്ചപ്പുറത്ത് വലിയ ഒരു പറമ്പുണ്ട്  സ്ഥലത്തിനൊക്കെ വിലകൂടിയപ്പോൾ ,ഉടമസ്ഥൻ മതിൽ കെട്ടി വളച്ച് സുരക്ഷിതമാക്കിയിരിക്കയാണ്  വലിയ ഗേറ്റും വച്ചിട്ടുണ്ട്.യെസ്  അതു തന്നെ സ്ഥലം  സന്തോഷത്തോടെ കാറിൽ ചാടിക്കയറിയിരുന്ന്  ആ പറമ്പിലേയ്ക്ക് കാർ കയറ്റിയിട്ട് ഒന്നു കൂടി ഞാൻ ചെയ്ത ഡക്കറേഷൻ നോക്കി ആസ്വദിച്ചു..എന്നിട്ട് ഗേറ്റ് ചാരി. 

                  തിരിച്ചു ചെല്ലുമ്പോൾ ബ്യൂട്ടിഷൻ യുദ്ധം കഴിഞ്ഞ് ക്ഷീണിച്ചപോലെ  ഇറങ്ങിപോകുന്നതു കണ്ടു..അകത്ത് മണവാട്ടിയുടെ ഫോട്ടോസെഷൻ നടക്കുന്നു  ഒന്നെത്തിനൊക്കി കറിച്ചട്ടിയുടെ മേൽ ചാരം പൂശിയപോലെയുണ്ട്..ഒന്നും ചെയ്യാതിരിക്കുന്നതായിരുനു ഭേദം...പക്ഷേ പുള്ളിക്കാരി ഭയങ്കര ആത്മ വിശ്വാസത്തിലാണ്  -ഒക്കെ നോ പ്രോബ്ലം നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ- എന്നല്ലേ


                               ഇറങ്ങാൻ സമയമായി  മണവാട്ടികുരിശ്ശ് വരച്ചു അപ്പോൾ ഞാൻ ഷിബു ഇടയ്ക്ക് പരയാറുള്ളത് ഓർത്തു...“ആ കുരിശ്ശിനെ ഇറക്കിയിട്ടു വേണം എനിക്ക് കെട്ടാൻ“  ആ കുരിശാണ് ഇപ്പോൾ കൂരിശ്ശ്  വരയ്ക്കുന്നത്..ഞാൻ ഷിബുവിനെ നോക്കി  അവൻ എല്ലവരെയും ഭവ്യതയോടെ നോക്കി ചിരിക്കുന്നു  ‘ഇനി അടുത്തത് എന്റെ‘  എന്ന ഒരു ഭാവമില്ലെ അവന്റെ മുഖത്ത്?....


                    ഇറങ്ങിയപ്പൊൾ ഷിബു ചോദിച്ചു “ കാറെവിടെടാ.”


                   “ദാ അപ്പുറത്തെ പറമ്പിലൊണ്ട്“ ഞാൻ പറഞ്ഞു


               മണവാട്ടിയും സംഘവും ആ പറമ്പിലേയ്ക്ക് നീങ്ങി പടനായകനെ പോലെ മുന്നിൽ ‘ഞാൻ‘... “ വാ...” കൈപൊക്കി ആംഗ്യം കാട്ടി ഞാൻ ഗേറ്റ് മലർക്കെ തുറന്നു.... എന്നെ ആരാണ്ടും ചുറ്റികയ്ക്ക് അടിച്ച് താഴ്ത്തിയപോലെ.... എന്റെ നെറുകംതല തുളച്ച് എന്തോ ഒന്ന് പാദത്തിൽ കൂടി ഭൂമിയിലേയ്ക്ക് കണക്ഷൻ കൊടുത്തപോലെ.. കണ്ണിൽ ഇരുട്ടു കയറി    എന്റെ ഡക്കറേഷൻ സ്വപ്നങ്ങൾ ഒരു പശു അവിടെ അയ‌വെട്ടി കൊണ്ടിരിക്കയായിരുന്നു..


           പൂക്കളൊന്നുമില്ല   പൂവിന്റെ തണ്ടും അഞ്ചാറിലകളും  മാത്രം അവശേഷിപ്പിച്ച് ആ ദുഷ്ട്ടത്തി പശു ബാക്കി മുഴുവൻ തിന്നു കളഞ്ഞു   കുറച്ചു കറുക പുല്ലുകൾ എന്നെ കളിയാക്കാനെന്നപോലെ  കാറിന്റെ അവിടവിടെയായി ഒട്ടിച്ചു വച്ചിരിക്കുന്നു...എനിക്കതിന്റെ വാലിൽ ,പിടിച്ചു കറക്കി നിലത്തടിക്കാൻ തോന്നി..കാര്യം എല്ലാവർക്കും ഞാൻ പറയാതെ തന്നെ മനസ്സിലായി...“  വാ കേറ് കേറ്  “ എന്നോട് ഒന്നും  പറയാതെ  കാറിൽ കയറാനുള്ളവരൊക്കെ കയറി  ഞാൻ കാറിന്റെ പിൻ വശത്തൂടെ  ചെന്നപ്പോൾ കണ്ടൂ..ചില്ലിൽ തെർമ്മോക്കോളിൽ എഴുതി വച്ചിരിക്കുന്നതിന്  ചില വ്യതിയാനങ്ങൾ      ഞാൻ വായിച്ചു    -ഡ്രൂസ്   ഡ്സ്   രറ്റ് - ആർത്തിമൂത്ത പശു തെർമ്മോകോളും തിന്നൊ???..എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല ഇപ്പോഴും   നിങ്ങൾ പറയു  പശു തെർമ്മോക്കോൾ തിന്നുമോ??!!!   

                വളരെ നിസഹായനായി നിരാശനായി  ഞാൻ വണ്ടിയോടിച്ചു..കാർ കടന്നു പോകുമ്പോൾ കാറിന്റെ  കോലം കണ്ട് ആളുകൾ നോക്കുന്നതും  .-.ഡ്രൂസ്  ഡ്സ്  രറ്റ് -വായിച്ച് വാപൊളിക്കുന്നതും ഞാൻ കണ്ണാടിയിൽ കൂ‍ടി  കണ്ടു കൊണ്ടേയിരുന്നു...   

                        “എനിക്കെന്താ ഞാനീ നാട്ടുകാരനെയല്ല.,..  ആരാണ്ടിന്റേം കല്യാണം   ആരാണ്ടിന്റേം കാറ്...ഞാൻ ഒരു ഡ്രൈവറ്   അത്രേള്ളു ...“    

Wednesday 13 July 2011

എനിക്കു പറയുവാനുള്ളത്

അങ്ങിനെ ഞാനും തുടങ്ങുവാണ്...
ഈശരാ  എന്താവുമോ എന്തോ..
എല്ലാം നിങ്ങളുടെ കയ്യിൽ..വായനയിൽ..പ്രതികരണങ്ങളിൽ...
ദാ..സ്രാഷ്ടാംഗം കിടപ്പുണ്ട് അനുഗ്രഹിക്കണം